Moorkkand is a village in Perinthalmanna Taluk and Mankada Block. The panchayat in Malappuram District, Kerala, India.
Moorkkanad More Information
Moorkkanad Pin Code : 679338
Moorkkanad Panchayat Phone Number : 04933 203236
Moorkkanad History
സാമൂഹ്യചരിത്രം
ചരിത്രപ്രസിദ്ധമായ വള്ളുവനാടിന്റെ അധിപനായിരുന്ന വള്ളുവക്കോനാതിരിയുടെ ആസ്ഥാനം അങ്ങാടിപ്പാടമായിരുന്നു. ആയിരനാഴി, കടന്നമണ്ണ, അരിപ്ര, മങ്കട എന്നീ കോവിലകങ്ങളിലെ അതാതുകാലത്തെ തലമുതിര്‍ന്ന സ്ത്രീകളായിരുന്നു കൊളത്തൂര്‍ തമ്പുരാട്ടിമാര്‍. കൊളത്തൂര്‍ തമ്പുരാട്ടിയുടെ ആസ്ഥാനം കൊളത്തൂര്‍ കോവിലകവും ഗോവിന്ദപുരത്ത് ക്ഷേത്രവുമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇവര്‍ക്കു പ്രത്യേക പരിഗണനകളും ഇളവുകളും നല്‍കിയിരുന്നു. മുള്ളുപ്ര നമ്പിയുടെ അധീനതയിലുള്ള പ്രദേശമായിരുന്നു മൂര്‍ക്കനാട്. അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു വെങ്ങാട് കോട്ടയും, കോട്ടയില്‍ ക്ഷേത്രവും.
പടയോട്ടത്തില്‍ പടപ്പറമ്പുവരെ വന്ന ടിപ്പു സുല്‍ത്താന്റെ പടയെ തടഞ്ഞത് വള്ളുവക്കോനാതിരിയുടെയും, കൊളത്തൂര്തമ്പുരാട്ടിയുടെയും പടയാളികളായിരുന്നു. “തുടിയാര്‍ കോട്ട”യുടെ പ്രാന്തപ്രദേശങ്ങളില്‍ “തുടിയാര്‍” എന്ന വേടജാതിക്കാര് താമസിച്ചിരുന്നു. അവരുടെ ആക്രമണം സഹിക്കാതായപ്പോള്‍ കൊളത്തൂര്‍ തമ്പുരാട്ടി നീലേശ്വരത്തു നിന്നും വന്ന രണ്ട് അഭ്യാസികളുടേയും അവരുടെ അനുചരന്മാരായ പുത്തൂര്പണിക്കര്, ചീനിക്കുഴിപണിക്കര് എന്നിവരുടെയും സഹായം തേടി. നീലേശ്വരത്തു നിന്നും വന്നവര്‍ ആദ്യം പാങ്ങിലും, പിന്നീട് കൊളത്തൂരിലെ മന്താരത്തില്‍ പറമ്പിലും വീട് വച്ചുതാമസിച്ചു.
1871-ല്‍ ഇക്കണ്ടു മൂപ്പില്‍ വാര്യര്‍ പണികഴിപ്പിച്ചതാണ് പില്ക്കാലത്ത് 1986-ല്‍ പൊളിച്ചുമാറ്റിയ കൊളത്തൂര്വാര്യം. നീലേശ്വരത്തു നിന്നും വന്ന മേല്‍പ്പറഞ്ഞ രണ്ടഭ്യാസികളുടെ പിന്തുടര്ച്ചക്കാരായിരുന്നു കൊളത്തൂര്‍ വാരിയന്മാര് എന്ന് പറയപ്പെടുന്നു. വള്ളുവക്കോനാതിരിക്ക് 18 മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഒന്നാമന് പുഴക്കാട്ടിരി മൂസ്സതും, രണ്ടാമന് പാങ്ങില്‍ അപ്പംകളം പിഷാരടിമാരും, മൂന്നാമന് കൊളത്തൂര്‍ വാര്യരുമായിരുന്നു. ജന്മി-നാടുവാഴിത്തത്തിന്റെ പഴയ ഫ്യൂഡല്തേര്വാഴ്ചയില് ഭയന്നാണ് ഇവിടുത്തെ ഹിന്ദുക്കളും മുസ്ളീങ്ങളും ഉള്‍പ്പെടുന്ന തദ്ദേശജനത ഒതുങ്ങി കഴിഞ്ഞു കൂടിയിരുന്നത്. ഹിന്ദുക്കളുടെ ഇടയില്‍ തൊട്ടുകൂടായ്മ, പൊതുനിരത്തുകളിലൂടെ നടക്കാന്‍ പാടില്ലായ്മ തുടങ്ങിയ അനീതികള്‍ സവര്‍ണ്ണജനത കീഴാളരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറച്ചുനടക്കാന് പോലും സ്വാതന്ത്ര്യമില്ലാത്ത കാലഘട്ടമായിരുന്നു അത്. അവര്‍ണ്ണര്‍ തൊട്ടാല്‍ മാത്രമേ വസ്തുക്കള്‍ അശുദ്ധമായതായി അയിത്തം കല്പിക്കപ്പെട്ടിരുന്നുള്ളൂ. അവര്‍ണ്ണര്‍ തൊട്ടശുദ്ധമാക്കിയ സാധനങ്ങള്‍ അഹിന്ദുക്കളെക്കൊണ്ടു തൊടുവിച്ചാല്‍ അത് ശുദ്ധമായതായി പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. “തൈലാദിവസ്തുക്കളശുദ്ധമായാല്‍, പൌലോസ് തൊട്ടാലതുശുദ്ധമായി…..” എന്നാരു പ്രയോഗം തന്ന അക്കാലത്ത് നിലനിന്നിരുന്നു. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനം ഇന്നാട്ടിലെ ഭൂരിഭാഗം ജനങ്ങള്‍ക്കിടയിലും സ്വാധീനം ചെലുത്തിയിരുന്നു.
അധികാരികളുടെ തെറ്റായ റിപ്പോര്‍ട്ടുപ്രകാരം മുപ്പതോളം നിരപരാധികളായ മുസ്ളീം മാപ്പിളമാരെ ഭരണാധികാരികള്‍ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചു. മൂന്നുപേര്‍ ജയിലില്‍ വച്ച് മരണപ്പെട്ടു. പയിങ്ങീരി അഹമ്മദ് മൊല്ല, പുതുവാക്കുത്ത് അഹമ്മദ് കുരിക്കിള്, പൂപ്പറ്റ അയമുട്ടി എന്നിവരാണ് ബെല്ലാരി ജയിലില്‍ വെച്ച് നാടിനുവേണ്ടി രക്തസാക്ഷിയായവര്‍. 1967-ല്‍ ഒരു കുടിയാന്റെ കൈവശഭൂമി സംബന്ധിച്ച് ജന്മിയും കുടിയാനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 1967 ജൂണ്‍ 30-തിനു കൊളത്തൂര്‍ കുറുപ്പത്താലില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ അരങ്ങനാത്ത് കുഞ്ഞാലി, പൂണോത്ത് കുഞ്ഞിരായിന്‍ എന്നീ രണ്ട് നിരപരാധികള്‍ നിഷ്ക്കരുണം കൊല്ലപ്പെട്ടു. “കുളത്തൂര്‍ സംഭവം” ഇന്നാട്ടിലെ ജനങ്ങളുടെ മന:സാക്ഷി ജന്മിക്കെതിരെ തിരിയാന്‍ കാരണമായി. മൂര്‍ക്കനാട് പഞ്ചായത്തിലെ ആഴ്ച ചന്തകളായിരുന്നു കൊളത്തൂര്‍ ചന്തയും വെങ്ങാട് പഴയചന്തയും. ചന്തകള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങള്‍ ചന്തപ്പടി എന്ന പേരിലും അറിയപ്പെടുന്നു.
ചന്തപ്പടി വടക്കേ കുളമ്പ് പാലൂര്‍കോട്ട റോഡിന്റെ ഉത്ഭവസ്ഥാനത്താണ് കൊളത്തൂര്‍ ചന്ത സ്ഥിതിചെയ്യുന്നത്. പഴയകാലത്തെ കൊളത്തൂര്‍, പുന്നക്കാട്, വെങ്ങാട്, മൂര്‍ക്കനാട് എന്നീ നാലുപ്രദേശങ്ങള് ഉള്‍പ്പെടുന്നതാണ് ഇന്നത്തെ മൂര്‍ക്കനാട് പഞ്ചായത്തുപ്രദേശം. 1956-ലെ സംസ്ഥാന പുന:സംഘടനയെ തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു. പാറയ്ക്കല്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ സംഭാവന നല്കിയ സ്ഥലത്താണ് ഇന്ന് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 1980-കളില്‍ ക്ഷീരസഹകരണസംഘം പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലം മുതലേയുള്ള ഓരോ വായനശാലകള്‍ കൊളത്തൂരിലും വെങ്ങാട്ടും ഇന്നും പ്രവര്‍ത്തിച്ചുപോരുന്നുണ്ട്. കൊളത്തൂര്‍ വാരിയത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപ്പെട്ട പോലീസ് ഔട്ട് പോസ്റ്റ്, 1967-ലെ കൊളത്തൂര്‍ സംഭവത്തെ തുടര്‍ന്ന് കൊളത്തൂര്‍ പോലീസ് സ്റ്റേഷനായി ഉയര്‍ത്തുകയുണ്ടായി. 1974-ലാണ് മൂര്‍ക്കനാട് പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി എത്തിയത്.
വിദ്യാഭ്യാസ-സാംസ്കാരികചരിത്രം
മുള്ളുപ്ര നമ്പിയുടെ ആള്‍ക്കാര്‍ക്ക് തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴാനുള്ള അവസരം വള്ളുവക്കോനാതിരി നിഷേധിച്ചപ്പോള്‍ അവര്‍ക്ക് പാട്ട് നടത്തി ദേവിയെ തൊഴുന്നതിനു വേണ്ടി ഉണ്ടാക്കിയതാണ് മൂര്‍ക്കനാട്ടെ പാട്ടുകൊട്ടില്‍ ക്ഷേത്രം. ഇവിടുത്തെ താലപ്പൊലി മൂര്‍ക്കനാട്ടുകാര്‍ ഒരു ദേശീയോത്സവമായി ഇന്നും ആഘോഷിക്കുന്നു. കൊളത്തൂര്‍ വാരിയം വക ഒരു കഥകളി സംഘം 1940 വരെ പ്രവര്‍ത്തിച്ചിരുന്നു. കൊളത്തൂര്‍ കലാസമിതി, യുവജനസംഘം വായനശാല എന്നിവ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയവയായിരുന്നു. “നീലക്കുയില്‍” എന്ന വിഖ്യാത ചലച്ചിത്രത്തിലൂടെ പ്രശസ്തനായ കോച്ചാട്ടില്‍ ബാലകൃഷ്ണന്റെ ജന്മം കൊണ്ട് യശസ്സുയര്‍ന്ന നാടാണിത്. “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ…..” എന്ന പാട്ടുപാടി നീലക്കുയിലില്‍ മൊയ്തുവായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. ഇന്നാട്ടുകാരായ കലാമണ്ഡലം ഉണ്ണികൃഷ്ണന് (ചെണ്ട), കോട്ടക്കല്‍ രവി (മദ്ദളം ആശാന്) കെ.വി.കേശവനുണ്ണി (സംഗീതം), സുധ (ഭരതനാട്യം), ഹരിദാസന് (മോഹിനിയാട്ടം) എന്നിവര്‍ പഞ്ചായത്തിന്റെ യശ്ശസ്സുയര്ത്തിയവരാണ്. ഇസ്ളാം മതവിശ്വാസികളുടെ ആത്മീയനേതാവായിരുന്ന മര്‍ഹൂം മമ്പുറം സയ്യിദ് അലവികോയ തങ്ങളുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ മണ്ണാണിത്. ഇസ്ളാം മതവിദ്യാഭ്യാസരംഗത്ത് വളരെയധികം പ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് മൂര്‍ക്കനാട്. പഴയ മലബാറിന്റെ ഭാഗമായിരുന്ന വള്ളുവനാട് താലൂക്കിന്റെ സാംസ്ക്കാരിക കേന്ദ്രമായിരുന്നു ഈ പ്രദേശം.
നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളത്തൂര്‍ കലാസമിതി പഴയ വള്ളുവനാട് താലൂക്കിലെ ഏറ്റവും നല്ല കലാസാംസ്കാരിക സംഘടനയായിരുന്നു. അറുപതുകളില്‍ നടന്നിരുന്ന നാടകോത്സവമേള താലൂക്കിലെ തന്നെ ഏറ്റവും വലിയ സാംസ്ക്കാരികോത്സവമായിരുന്നു. കഥകളി, ദഫ്മുട്ട്, കല്ല്യാണപാട്ട്, പൂതംകളി, പരിചമുട്ട്, കോല്‍കളി, തുമ്പിതുള്ളല്‍, വില്ലടിച്ചാന്‍പാട്ട്, മുണ്ടിയന്‍ കലശം, പാനേങ്കളി, പൊറാട്ടുനാടകം തുടങ്ങിയ നിരവധി പ്രാചീനകലാരൂപങ്ങള്‍ ഇന്നും പൂര്‍ണ്ണമായി അന്യം നിന്നുപോകാതെ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. 1927-28 കാലത്ത് ചെറുകരക്കാരനായ ചിറയ്ക്കല്‍ താച്ചു എഴുത്തച്ഛന് തുടങ്ങിയ മൂന്നാം തരം വരെയുള്ള വിദ്യാലയമായിരുന്നു കൊളത്തൂര്‍ നാഷണല്‍ എലിമെന്ററി സ്ക്കൂള്. പരേതനായ കെ.ടി.കുഞ്ഞിരാമനെഴുത്തച്ഛന്റെയും, എം.പി.നാരായണ പിഷാരടിയുടെയും പരിശ്രമഫലമായി ഈ വിദ്യാലയം കൊളത്തൂര്‍ വാര്യത്തെകൊണ്ട് ഏറ്റെടുപ്പിച്ചു. 1946-ല്‍ ഹയര്‍ എലിമെന്റ്റി സ്കൂളിന്റെ ഭാഗമായി ആറാം തരം തുടങ്ങി. 1949-ല്‍ ഇവിടെ നിന്ന് ആദ്യത്തെ ഇ.എസ്സ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 1960-ല്‍ ഈ വിദ്യാലയം കൊളത്തൂര്‍ നാഷണല്‍ ഹൈസ്ക്കൂള് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1962 മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി.
കാര്‍ഷികചരിത്രം
പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തില്‍ 600 ഏക്കറോളം സ്ഥലം പുഴക്കരയാണ്. പുഴയോരങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്തായി ടിപ്പു പണികഴിപ്പിച്ച പ്രസിദ്ധമായ പാലൂര്‍കോട്ട സ്ഥിതിചെയ്യുന്നു. തികച്ചും ഒരു കാര്‍ഷികഗ്രാമമാണ് മൂര്‍ക്കനാട്. കുന്നിന്‍പ്രദേശങ്ങളും, താഴ്വരകളിലുള്ള നെല്‍വയലുകളും, പറമ്പുകളും, പള്ള്യാലുകളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. നെല്ലും, കവുങ്ങും, തെങ്ങുമാണ് പഞ്ചായത്തിലെ മുഖ്യകൃഷികള്‍. ഇടവിളയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറികള്‍, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, കൊടുവേലി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കുരുമുളക്, റബ്ബര്‍ തുടങ്ങിയവയുടെ കൃഷിയും ചെറിയ തോതില്‍ നടന്നുവരുന്നുണ്ട്. മുമ്പുകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ നടന്നിരുന്ന കൃഷി നെല്ലായിരുന്നു. തുലാപ്പണിക്കാലത്ത് വയലുകളൊരുക്കുന്ന സമയത്ത് കൂടുതല്‍ ജോഡി കന്നുകളെ ഒരേ ദിവസം ഒന്നിച്ച് ഒരാള്‍ക്കു ലഭിക്കത്തക്ക രീതിയില്‍ വയലൊരുക്കല്‍ ദിനങ്ങള്‍ മുന്‍കൂട്ടി ക്രമപ്പെടുത്തിയിരുന്നു. വയലുകള്‍ നന്നാക്കിയെടുത്ത ശേഷം പ്രത്യേക സദ്യകളും നടത്തപ്പെട്ടിരുന്നു. സ്ത്രീകള്‍ ഞാറുനടുമ്പോള്‍ പല നാടന്‍പാട്ടുകളും ഈണത്തില്‍ പാടിയിരുന്നു. വയലുകളില്‍ നെല്‍കൃഷിയേക്കാള്‍ ലാഭകരമായ കൊടുവേലിക്കൃഷിയും, മരച്ചീനി കൃഷിയുമാണ് ചില കര്‍ഷകര്‍ ചെയ്തുവരുന്നത്.