Kuzhimanna is one of the villages in Malappuram district in the state of Kerala, India
Kuzhimanna Information
Kuzhimanna Pin Code : 673641
Kuzhimanna Panchayat Phone Number : 0483 2756187
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ അരീക്കോട് ബ്ളോക്കിലാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുഴിമണ്ണ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തിനു 20.05 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കാവനൂര്‍, മുതുവല്ലൂര്‍, അരീക്കോട് പഞ്ചായത്തുകള്‍, കിഴക്ക് കവനൂര്‍, പുല്‍പ്പറ്റ, അരീക്കോട,് പഞ്ചായത്തുകള്‍, തെക്ക് മൊറയൂര്‍, നെടിയിരുപ്പ്, പുല്‍പ്പറ്റ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മുതുവല്ലൂര്‍, കൊണ്ടോട്ടി പഞ്ചായത്തുകള്‍ എന്നിവയാണ്.കുഴിമണ്ണ ഗ്രാമപഞ്ചായത്ത് 1961-ലാണ് രൂപീകൃതമായത്. കുഴിമണ്ണ, പുളിയക്കോട് എന്നീ പഴയ രണ്ട് അംശങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് ഇന്നത്തെ കുഴിമണ്ണ ഗ്രാമപഞ്ചായത്ത്. മുണ്ടക്കലയാണ് ഈ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം.
പുളിയക്കോട് അംശത്തിലെ ചെന്ന്യാര്‍കുന്ന്, കുഴിമണ്ണ അംശത്തിലെ കോലുമല തുടങ്ങിയവയാണ് പഞ്ചായത്തിലെ മറ്റ് ഉയര്‍ന്ന പ്രദേശങ്ങള്‍. കൃഷി മുഖ്യതൊഴിലായി സ്വീകരിച്ച കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ് കുഴിമണ്ണ. തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. വാഴ, പച്ചക്കറി, ഇഞ്ചി, മരച്ചീനി തുടങ്ങിയവയാണ് ഇടവിളകളായി കൃഷി ചെയ്യുന്നത്. 1956-വരെ പഴയ മദിരാശി സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളപ്പിറവിയോടെ കോഴിക്കോട് ജില്ലയുടെയും, തുടര്‍ന്ന് 1968 മുതല്‍ മലപ്പുറം ജില്ലയുടെയും ഭാഗമായിത്തീര്‍ന്നു. 1962-ല്‍ കുഴിമണ്ണ, പുളിയക്കോട് വില്ലേജുകള്‍ ഏകീകരിച്ച് രൂപം കൊടുത്ത കുഴിമണ്ണ വില്ലേജാണ് പിന്നീട് കുഴിമണ്ണ പഞ്ചായത്തായി മാറുന്നത്.
ടിപ്പുസുല്‍ത്താന്റെ സൈനിക നീക്കങ്ങളുടെ ഭാഗമായി അരീക്കോട്ടു നിന്ന് നിലമ്പൂര്‍ ഭാഗങ്ങളിലേക്ക് പുതിയ പാതകള്‍ വെട്ടിത്തുറന്നതോടെ കാളവണ്ടികളുടെയും അപൂര്‍വ്വമായി കുതിരവണ്ടികളുടെയും ചക്രങ്ങള്‍ ഉരുണ്ടിരുന്ന ഈ നാട്ടുവഴിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. 1921-ലെ മലബാര്‍ കലാപം അമര്‍ച്ച ചെയ്യാന്‍ രൂപം കൊടുത്ത എം.എസ്.പി.യുടെ ക്യാമ്പ് അരീക്കോട്ട് ആയിരുന്നു സ്ഥാപിച്ചത്. അക്കാലത്ത് കോഴിക്കോട്ടു നിന്നുള്ള സൈനിക നീക്കം എളുപ്പമാക്കാന്‍ ബ്രിട്ടീഷുകാരാണ് ഈ നിരത്ത് ഇന്നത്തെ രൂപത്തില്‍ വികസിപ്പിച്ചെടുത്തത്. അതിനുശേഷം 1939-തോടെ ഈ നിരത്തിലെ പ്രധാനപ്പെട്ട കടുങ്ങല്ലൂര്‍ പാലവും നിര്‍മ്മിക്കപ്പെട്ടു.
History of Kuzhimanna
സാമൂഹ്യസാംസ്കാരികചരിത്രം
നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള ഹൈന്ദവദേവാലയമാണ് ഈ പഞ്ചായത്തിലുള്ള പുല്ലഞ്ചരി ശ്രീവിഷ്ണുക്ഷേത്രം. കിഴിശ്ശേരി ജുമാമസ്ജിദാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ളീംപള്ളി. സൂഫിവര്യനായി കരുതപ്പെടുന്ന മുഹ്യുദ്ദീന്‍ മുസ്ളിയാരുടെ മഖ്ബറ ഇവിടെയാണ്. അക്യൂപങ്ച്ചര്‍ ചികിത്സാ സമ്പ്രദായത്തിന്റെ ഒരു പ്രാകൃതരൂപമെന്നു പറയാവുന്ന “കൊമ്പുവൈദ്യം” എന്നാരു ചികിത്സാരീതി മുന്‍കാലത്ത് ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. രോഗബാധിതമായ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി കാളക്കൊമ്പിലൂടെ അശുദ്ധരക്തം വലിച്ചെടുത്ത് രോഗം ഭേദമാക്കുന്നതായിരുന്നു ഈ രീതി. ഈ രംഗത്ത് പ്രശസ്തനായിരുന്നു കുറ്റിക്കാട്ടില്‍ മാമുസാഹിബ്.
ഈ പഞ്ചായത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം കിഴിശ്ശേരി ജി.എല്‍.പി.സ്കൂളാണ്. 1920 ജൂണ്‍ മാസത്തിലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. 1926-ല്‍ പുളിയക്കോടും 1928-ല്‍ മേലെ കിഴിശ്ശേരിയിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1953-ല്‍ തുടങ്ങിയ ഗണപത് സ്കൂളാണ് ആദ്യത്തെഅപ്പര്‍ പ്രൈമറി സ്കൂള്‍. 1966-ലാണ് കുഴിമണ്ണ ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. കുഴിമണ്ണ പഞ്ചായത്തിനു പുരാതനമായൊരു സാംസ്കാരിക പാരമ്പര്യമുണ്ട്. നാടകസംഘങ്ങള്‍, കോല്‍ക്കളിസംഘങ്ങള്‍, പരിചമുട്ടുകളി, ചവിട്ടുകളി, കാളപൂട്ട്, പഞ്ചവാദ്യം, അറവനമുട്ട്, ദഫ്മുട്ട്, കല്ല്യാണപാട്ടുകള്‍ എന്നിവയ്ക്ക് ഈ പ്രദേശം പ്രസിദ്ധമായിരുന്നു.
പഞ്ചായത്തിലുള്ള രണ്ട് ഗ്രന്ഥശാലകളും 1958-ല്‍ തുടങ്ങിയതാണ്. “കൊണ്ടോട്ടി നേര്‍ച്ച”യായിരുന്നു പഞ്ചായത്തിന്റെ ദേശീയോത്സവമെന്നറിയപ്പെട്ടിരുന്നത്. കൊണ്ടോട്ടിനേര്‍ച്ചയിലെ പെട്ടിവരവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കുഴിമണ്ണക്കാരൂടെ നേര്‍ച്ച. താളമേളങ്ങളും, അഭ്യാസപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് വര്‍ണ്ണാഭമായി കൊണ്ടാടുന്ന പെട്ടിവരവ് ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനു കൊണ്ടോട്ടി നേര്‍ച്ച നല്‍കിവരുന്ന സംഭാവന വളരെ വലുതാണ്. (കടപ്പാട്: www.lsgkerala.in/kuzhimannapanchayat)