നവീകരിച്ച മലപ്പുറം കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്ക് ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സമഗ്ര മാറ്റം വരുത്തിയിട്ടുണ്ട്. ഒരു മാസം നീണ്ട നവീകരണ ശേഷമാണ് മലപ്പുറം നഗരസഭയുടെ കീഴിലെ പാര്‍ക്ക് പുതിയ കരാറുകാര്‍ക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ടിക്കറ്റ് നിരക്ക് മാറ്റിയും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സൗജന്യ നിരക്കുകള്‍ അനുവദിച്ചുമാണ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. 25ല്‍ അധികം റൈഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിലെത്തുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന റസ്റ്റോറന്‍റുകളും കൂള്‍ബാറുകളും വാട്ടര്‍ റൈഡുകള്‍ക്കായുള്ള വസ്ത്രശാലകളും ഒരുക്കിയിട്ടുണ്ട്. 100 സെന്‍റിമീറ്റര്‍ വരെ ഉയരമുള്ളവര്‍ക്ക് പ്രവേശം സൗജന്യമാണ്.
100 മുതല്‍ 135 സെന്‍റി മീറ്റര്‍ വരെ ഉയരമുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 150 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് പ്രവേശ ഫീസ്. ഈ നിരക്കില്‍ രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ പാര്‍ക്കില്‍ ചെലവഴിക്കാം.
വൈകീട്ട് 5.30 മുതല്‍ രാത്രി എട്ട് വരെ 125 രൂപയാണ് പ്രവേശ നിരക്ക്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വൈകീട്ട് അഞ്ച് മുതല്‍ 100 രൂപയാണ് ഫീസ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് തരത്തിലുള്ള പാക്കേജാണ് ഒരുക്കിയത്. എല്‍.കെ.ജി മുതല്‍ നാലാം ക്ളാസ് വരെയുള്ളവര്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ 125 രൂപയാകും ഫീസ്. 50 വിദ്യാര്‍ഥികളെങ്കിലും സംഘത്തില്‍ വേണം. അഞ്ചാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ളവര്‍ക്ക് 175 രൂപയാണ് ഫീസ്. ഈ പാക്കേജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം സൗജന്യമാണ്.